ഉള്ളൂര്‍: അപകടത്തില്‍പ്പെട്ട് പൂര്‍ണമായും തകര്‍ന്ന കാര്‍ റോഡുവക്കില്‍ കിടക്കുന്നത് വഴിയാത്രികര്‍ക്കും വാഹനയാത്രികര്‍ക്കും ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും ഒരുപോലെ ദുരിതം സൃഷ്ടിക്കുന്നു. പേട്ട പള്ളിമുക്കില്നിന്നും മെഡിക്കല്‍കോളജിലേക്കു പോകുന്ന ഭാഗത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപമാണു ഹോണ്ട സിറ്റി കാര്‍ കിടക്കുന്നത്.
കുറച്ചുനാള്‍ മുമ്പുണ്ടായ അപകടത്തെ തുടര്‍ന്നാണ് കാര്‍ ഉപേക്ഷിക്കപ്പെട്ടതെന്നു പേട്ട പോലീസ് പറയുന്നു. വാഹനം നീക്കം ചെയ്യാന്‍ ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. അതേസമയം ബസ് വെയിറ്റിംഗ് ഷെഡ്ഡിന്റെ തൊട്ടടുത്തായി കിടക്കുന്ന കാറിന്റെ നാലുഭാഗവും ഇടിച്ചു ഞെരുങ്ങിയ അവസ്ഥയിലായതിനാല്‍ വഴിയാത്രികര്ക്കു പോലും കാറിന്റെ ബോഡിയല്‍ തട്ടി മുറിവുണ്ടാകുന്നുണ്ട്. വെയിറ്റിംഗ് ഷെഡ്ഡിനു സമീപം കാറിനോടു ചേര്‍ന്നാണ് പലപ്പോഴും ബസുകള്‍ നിര്‍ത്തുന്നത്.
ചില അവസരങ്ങളില്‍ യാത്രക്കാര്‍ കാറിന്റെ തടസം മറികടന്ന് ബസില്‍ കയറാന്‍ എത്തുമ്പോഴേക്കും ബസ് പുറപ്പെട്ടുകഴിഞ്ഞിരിക്കും. വളവുതിരിഞ്ഞുവരുന്ന ഹെവി വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ കാര്‍ ഒടു ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്.